03 November, 2026 11:38:20 AM
മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചു. ലക്ഷ്മിയാണ് ഭാര്യ. മക്കൾ അനിത, തന്നുയ.
പ്രേംനസീർ, എൻടി രാമറാവു, എസ് വി രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി.
സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ പാണ്ഡ്യനായിരുന്നു മേക്കപ്പ്മാൻ. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്ന സമയത്ത് സുഖം പ്രാപിക്കുന്നത് വരെ മനസ്സിനക്കരെയുടെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടി വെച്ചത് അന്ന് വലിയ വാർത്തയായിരുന്നു.
1968ൽ അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി 16ാം വയസിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കെ വി ഭാസ്കരൻ, എം ഒ ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ സഹായിയായി. 1972 ൽ ജെ വില്യംസ് സംവിധാനം ചെയ്ത മദാലസയിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പമാനാകുന്നത് .



