15 August, 2026 09:25:52 AM


കോമ്പിംഗ് ഓപ്പറേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

 

മണിമല: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മണിമല പോലീസും സംയുക്തമായി നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ മണിമല വില്ലേജിൽ കറിക്കാട്ടൂർ കരയിൽ ചാരുവേലി ഗേറ്റ് ഭാഗത്ത് കണിയാത്ത് വീട്ടിൽ സജി കെ.ജെ.യുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 663 പാക്കറ്റ് ഹാൻസും 195 പാക്കറ്റ് കൂൾ ലിപ്പും പിടികൂടി. തുടർന്ന് മണിമല മാർക്കറ്റ് ഭാഗത്ത് പ്രവർത്തിക്കുന്ന എസ്.കെ. ഫിഷറീസ് ആൻഡ് ഡെയ്ലി ഫ്രെഷ് എന്ന മീൻകടയിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 112 പാക്കറ്റ് ഹാൻസും 32 പാക്കറ്റ് കൂൾ എന്ന നിരോധിത പുകയില ഉത്പന്നവും പിടികൂടി. കടയുടെ നടത്തിപ്പുകാരനായ മണിമല വില്ലേജിലെ പൊന്തൻപുഴ ഭാഗത്ത് ചിറവാലുങ്കൽ വീട്ടിൽ സജീഷ് മകൻ അജിത്ത് സജീഷ് (23) എന്നയാളിൽ നിന്നാണ് ഇവ പിടികൂടിയത്. കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിടികൂടിയ ഉത്പന്നങ്ങൾ സംബന്ധിച്ച് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമായി തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919