31 December, 2025 09:05:45 AM
കോട്ടയത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ആർക്കും പരിക്കില്ല

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയില്‍ നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെ ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കില്ല. ബസില്‍ നിന്നും പുകയുയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തീ ഉയരുന്നത് മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ കണ്ടത് ജീവനക്കാരെ അറിയിച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് സര്‍വ്വീസിന് ഉപയോഗിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പകരം ബസ് എത്തി യാത്രക്കാരെ റാന്നിയിലെത്തിച്ചു.







