24 September, 2026 01:19:14 PM


കാഞ്ഞിരപ്പള്ളിയിൽ 2.205 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ



കോട്ടയം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ജാഹിദുൾ ഇസ്ലാം (22) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാർഡും കാഞ്ഞിരപ്പള്ളി പോലീസും ഡിവൈഎസ്പിയുടെ തൂഫാൻ ടീമും അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെയും കഞ്ചാവും കണ്ടെത്തി പിടികൂടിയത്. സെപ്റ്റംബർ 23ന് പുലർച്ചെ  കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുമായി കണ്ട യുവാവിനെ പോലീസ് പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 2.205 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. 

മഴക്കാലത്ത് മോഷണവും മോഷണശ്രമങ്ങളും തടയുന്നതിനായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രതിക്കെതിരെ നേരത്തെയും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം നാല് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ താമസിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽപ്പന നടത്തിയിരുന്ന പ്രതി ഈരാറ്റുപേട്ടയിൽ നാലു തവണയോളം പിടിക്കപ്പെടുകയും കേസിൽ പ്രതിയാവുകയും ചെയ്തപ്പോൾ  പോലീസ് നിരീക്ഷണത്തിൽ നിന്നും മാറുന്നതിനായി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ടൈൽ പണിയാണ് തൊഴിൽ എന്ന് പോലീസിനോട് പറയുമ്പോഴും ഇയാൾ കൃത്യമായ ഇടവേളകളിൽ നാട്ടിൽ പോവുകയും തിരികെ എത്തുമ്പോൾ വലിയ അളവിൽ ലഹരിവസ്തുക്കൾ കൊണ്ടുവന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കച്ചവടം നടത്തുകയും ആണ് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ്  വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളി SHO വർഷ മധു, എസ്‌ഐ മഹേഷ് കെ.എൽ., എസ്‌സിപിഒ രതീഷ്, ഡ്രൈവർ സിപിഒ അൻസാർ ഹംസ, ഡാൻസാഫ് ടീം അംഗങ്ങളായ ശ്രീരാജ് ജി. നായർ, വിമൽ, അനൂപ്, ഡിവൈഎസ്പിയുടെ തൂഫാൻ സ്ക്വാഡ് അംഗങ്ങളായ സുജിത് എം.വി., ഷെമീർ, ബോബി, മഹേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധനയിലും തുടർനടപടികളിലും പങ്കെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308