10 August, 2026 08:30:18 PM
വെള്ളപ്പൊക്കം; നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നാട്ടകം സുരേഷ് നിര്‍ദേശം നല്‍കി

കോട്ടയം: അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നാട്ടകം സുരേഷ് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയ്ക്കൊപ്പം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മേഖലയിലെ ദുരിതം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം വേണ്ടതുണ്ട്. ഇതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും-എം.എല്‍.എ പറഞ്ഞു.
കുമരകം ചീപ്പുങ്കലില്‍നിന്ന് ശിക്കാര വള്ളത്തില്‍ ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്കുമൊപ്പം യാത്ര തിരിച്ച എം.എല്‍.എ പുഴകളില്‍നിന്നുള്ള ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തില്‍ എക്കലടിഞ്ഞിരിക്കുന്ന വേമ്പനാട്ടുകായലിലെ മേഖലകളാണ് ആദ്യം സന്ദര്‍ശിച്ചത്. കുമരകം, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കുന്നതിന് ജലനിരപ്പിനു മുകളില്‍വരെ അടിഞ്ഞുകൂടിയ മണ്‍തിട്ട നീക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധകള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എക്കല്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം വേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.
തുടര്‍ന്ന് അയ്മനം ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി നശിച്ച പാടശേഖരങ്ങള്‍ സംഘം നേരിട്ടുകണ്ടു. ചീപ്പുങ്കല്‍- കല്ലുങ്കത്ര തോടിന്റെയും മണിയാപറന്പ് തോടിന്റെയും ഇരുകരകളിലും കഴിയുന്ന ജനങ്ങളുടെ ദുരവസ്ഥ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാറും ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരനും എം.എല്‍.എയെയും ജില്ലാ കളക്ടറെയും ധരിപ്പിച്ചു.
മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ് വിശദികരിച്ചു. അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായുള്ള നാലുതോട്,പുത്തന്‍കരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോന്‍കരി, വി.കെ.വി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതില്‍ പുത്തന്‍കരിയില്‍ മടവീണ് മോട്ടോറും മോട്ടോര്‍പുരയുമടക്കം ഒഴുകിപ്പോയി.
അയ്മനത്ത് 622 ഹെക്ടര്‍ സ്ഥലത്തെ വിതകഴിഞ്ഞ് ഒരു മാസമായ കൃഷിയാണ് നശിച്ചത്. മേനോന്‍കരി പാടം വിതയ്ക്കാനായി ഒരുക്കിയിട്ടിരിക്കുകയായിരുന്നു. ഇവിടെ കിളിര്‍പ്പിച്ച വിത്തും ഉപയോഗശൂന്യമായി.
കരീമഠം ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂളിനു സമീപം കൃഷിനാശത്തില്‍ നിന്ന് മേഖലയെ രക്ഷിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വി.കെ.വി. പാടശേഖര സമിതി പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.
ആര്‍പ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി,വാവക്കാട്,ആര്യാട്ടൂഴം, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി പാടശേഖരങ്ങളിലാണ് കൃഷി നാശമുണ്ടായത്. ചൂരത്തറയില്‍ വിതച്ചിട്ട് 30 ദിവസമായതും കേളകരിയില്‍ രണ്ടാഴ്ച മാത്രമായതുമായ കൃഷിയാണ് നശിച്ചത്. കാട്ടുകരി ചുഴലിക്കുഴിയില്‍ എക്കലടിഞ്ഞത് നീക്കം ചെയ്യേണ്ടതുണ്ടെന്ന് വാര്‍ഡ് അംഗം പി.സി. മനോജ് ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സിനു ജെയിംസ്, അയ്മനം ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനുമോള്‍, സോഫിയ മോള്‍, ഷിബി വാഴയില്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ ശ്രീകാന്ത്, മായ ജി. നായര്‍, റോസിലി ടോമിച്ചന്‍,ദീപാ ജോസ്, സോബിന്‍ തെക്കേടം,ജയ്‌മോന്‍ രാജന്‍, ബിജി അജിത്കുമാര്‍, സിനു രാധാകൃഷ്ണന്‍, അജിത ബിജു, ആന്റണി അറയില്‍
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ്, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനു കുര്യാക്കോസ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സുമേഷ്‌കുമാര്‍,കുട്ടനാട് ഡവലപ്‌മെന്റ് പ്രോജക്ട് തണ്ണീര്‍മുക്കം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എസ്. ഷീന, കൃഷി വകുപ്പ് അസിസ്റ്റന്റഅ ഡയറക്ടര്‍ ടി. ജ്യോതി, കൃഷി ഓഫീസര്‍മാരായ ആര്‍. രമ്യാരാജ്, ശിഖ രാജു, അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.





