01 August, 2026 07:41:55 PM
ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കും - എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ

കോട്ടയം: 'വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത്. നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി. ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു' -പൂഞ്ഞാർ തെക്കേക്കര മേഖലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ പറഞ്ഞു.
ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവർക്കും വീടുകളിലുള്ളവർക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. കിണറുകൾ പലതും ഉപയോഗശൂന്യമായി. പാലങ്ങളും കൈവരികളും വ്യാപകമായി തകർന്നു. റോഡ് പല ഭാഗത്തും ഒലിച്ചു പോയി. അവയുടെ യഥാർഥ ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാകൂ. സർക്കാരിന്റെ പിന്തുണയോടെ പൂഞ്ഞാറിന്റെ പുനർനിർമ്മാണം ഉറപ്പുവരുത്തും- അദ്ദേഹം വ്യക്തമാക്കി.
രണ്ടോ മൂന്നോ മണിക്കൂർ പെയ്യുന്ന മഴ കൊണ്ടൊന്നും മുൻപ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടില്ല. മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുൾ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പു നൽകിയാലും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാൻ തയ്യാറാകാത്ത സാഹചര്യമുണ്ട്.
മലനിരകളിൽ സൈറൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ കൂടുതൽ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്-എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.





