26 June, 2026 05:31:57 PM


ലഹരിക്കെതിരായ പോരാട്ടം എല്ലാവരുടെയും ഉത്തരവാദിത്വം- മന്ത്രി മോന്‍സ് ജോസഫ്



കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്‍റെയും കേരള പോലീസിന്‍റെ ഓപ്പറേഷന്‍ തൂഫാനിന്‍റെയും കടുത്തുരുത്തി നിയോജക മണ്ഡലംതല ഉദ്ഘാടനം ജലവിഭവ-ഭവന നിര്‍മാണണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിര്‍വഹിച്ചു. നാടിന്‍റെ ഏറ്റവും വലിയ സമ്പത്തായ മനുഷ്യ വിഭവശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കുന്നത്. യുവതലമുറ ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കുന്നതിനും വഴിതെറ്റിപ്പോയവരെ തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പരിശ്രമമാണിത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ നിയമത്തിന്‍റെ പഴുതുകള്‍ മുതലെടുത്ത് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ പരിശ്രമിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാനിന്‍റെ പതാക ഉയര്‍ത്തിയ മന്ത്രി ബൈക്ക് റാലിയുടെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

 വൈക്കം ഡിവൈഎസ്.പി കെ. സജീവ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണി,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോഹന്‍കുമാര്‍, ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സുനില്‍ സി. മാത്യു, കുറവിലങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ജെ. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. കോളജ് ബര്‍സാര്‍ ഫാ. ജോസഫ് മണിയന്‍ചിറ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.  കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂര്‍ പോലീസ് സ്റ്റേഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923