24 June, 2026 06:24:12 PM
മീൻ തലക്കറി കഴിച്ച് മരണം; തൊള്ളായിരംചിറ ഗ്രൂപ്പിലെ 7 ഷാപ്പിന്‍റെയും ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

പരിപ്പ് : അയ്മനത്തെ തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്ന് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിക്കുകയും അഞ്ച് പേർ ചികിത്സയിലാകുകയും ചെയ്ത സംഭവത്തിൽ ഗ്രൂപ്പ് നമ്പർ ഒമ്പതിൽ ഉൾപ്പെട്ട ഏഴ് ഷാപ്പും പൂട്ടി സീൽ ചെയ്തു. ഏഴ് ഷാപ്പിന്റെയും ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തു.
എക്സൈസ് ഏറ്റുമാനൂർ റേഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. എറ്റുമാനൂർ റേഞ്ചിൽ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി എസ് 56–ാം നമ്പർ ഷാപ്പാണ് പരിപ്പ് തൊള്ളായിരംചിറ. ലേഖ, ജോസഫ് എന്നിവരാണ് ലൈസൻസികൾ. ഇവിടെനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലേക്കും നടപടി വ്യാപിപ്പിക്കാൻ എക്‌സൈസ് തീരുമാനിച്ചത്. ഏഴ് ഷാപ്പുകളിൽ നിന്നുമായി കള്ളിന്റെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.
പരിശോധനാ ഫലവും അന്വേഷണ നടപടികളും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് കാരണം കാണിക്കാൻ 10 ദിവസം നൽകിയിട്ടുണ്ട്. കാരണം തൃപ്‌തികരല്ലെങ്കിൽ പൂർണ്ണമായും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മറ്റ് നിയമനടപടികളും എടുക്കും.
ശനിയാഴ്ച ജ്യോതിഷും സുഹൃത്തുക്കളും ഷാപ്പിലെത്തി കള്ളും തലക്കറിയും കഴിച്ച ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതിഷ് മരണപ്പെടുകയായിരുന്നു. ജ്യോതിഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പറയുന്നുണ്ട്. ഇതിനെ തുടർന്ന് ആന്തരികാ അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ സെൻട്രൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും എക്സൈസ് വകുപ്പും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പ്രതികളായിട്ടുള്ളവർക്കായി പൊലീസ് വ്യാപകമായ തെരെച്ചിൽ നടത്തുകയാണ്. വീടുകളും മറ്റു സ്ഥാപനങ്ങളിലുമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. പ്രതികൾ ഒളിവിലാണ്. ഇവരുടെ ഫോണുകൾ ഓഫായ നിലയിയാണ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി പ്രതികൾ ശ്രമിക്കുന്നുണ്ടെന്ന വിവരവുമുണ്ട്.
ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, തൊള്ളായിരം ഷാപ്പ് മാനേജർ, പാചകക്കാരൻ എന്നിവരെ പ്രതിചേർത്താണ് വെസ്‌റ്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.





