05 June, 2026 01:54:46 PM
കർണാടക മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

ബംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ആഭ്യന്തര ഭിന്നതകളും അസ്വാരസ്യങ്ങളും മറനീക്കി പുറത്തേക്ക്. അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. ബംഗളൂരു വികസന വകുപ്പ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് തന്റെ രാജിക്കത്തിൽ ഒപ്പുവെച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു.
ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് കോൺഗ്രസ് നേതൃത്വം രണ്ടുതവണ ഔദ്യോഗികമായി ഉറപ്പുനൽകിയിരുന്നതായും, എന്നാൽ ഇപ്പോൾ അതിൽ നിന്നും അവർ മാറിയതിനാൽ താൻ പൂർണ്ണമായും നിരാശനാണെന്നും അതിനാലാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്നും രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. താൻ മുഖ്യമന്ത്രിയാകുമ്പോൾ ഈ വകുപ്പ് പൂർണ്ണമായി വിട്ടൊഴിയാമെന്നും അപ്പോൾ തനിക്ക് അത് ഏറ്റെടുക്കാമെന്നും ഡികെ ശിവകുമാർ തന്റെ വീട്ടിലെത്തി നേരിട്ട് പറഞ്ഞിരുന്നതായി റെഡ്ഡി വെളിപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുതലേദിവസവും താൻ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, അപ്പോഴും ബംഗളൂരു വകുപ്പ് തനിക്ക് തന്നെ അനുവദിക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ടാണ് കർണാടക മന്ത്രി സഭാ പദവികളിൽ തീരുമാനമായത്. മുഖ്യമന്ത്രി ഡി കെ ശിവകുമാർ ധനകാര്യം, കാബിനറ്റ്, പേഴ്‌സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാർജുൻ ഖാർഗെ യുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകൾ നൽകി. കെ ജെ ജോർജ് ഊർജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്കാണ് നഗരവികസനം ലഭിച്ചത്.





