07 July, 2026 12:55:42 PM


മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ചു: കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ



ബെംഗളൂരു: കര്‍ണാടകയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സാഹസികമായി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കലബുറഗില്‍ കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസിലായിരുന്നു സംഭവം. രാത്രി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ കേടായതോടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തില്‍ ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു. കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്കാണ് സാഹസിക യാത്ര നടത്തിയത്. കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ ലൈറ്റ് പിടിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ജൂലൈ 4-ന് രാത്രി കലബുറഗിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ചിഞ്ചോളി ടൗണിലേക്ക് സർവീസ് നടത്തിയ അവസാന ബസിലാണ് സംഭവം . സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടിയെടുത്തു. ഡ്രൈവറെയും മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വാഹനം യഥാക്രമം പരിശോധിക്കാതിരുന്നതിനാണ് ഡ്രൈവര്‍ക്കും മെക്കാനിക്കിനുമെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭരണകൂടത്തിന്റെ വീഴ്ച മൂലമാണ് ഡ്രൈവര്‍ക്ക് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി വാഹനം ഓടിക്കേണ്ടിവന്നതെന്ന് ജെഡിഎസ് ആരോപിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931