08 July, 2026 10:55:09 AM
ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി പ്രഭാസ് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ ബാരൂയിപൂരിലെ സൂര്യപൂരിലേക്ക് കൊണ്ടുപോയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി പൊലീസുകാരന്റെ പക്കല്‍ നിന്നും തോക്ക് തട്ടിയെടുത്ത് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സ്വയരക്ഷാര്‍ഥം പൊലീസ് വെടിവെക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമുട്ടലില്‍ വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേസിലെ പ്രധാന പ്രതികളില്‍ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ പീഡനത്തിനും കൊലപാതകത്തിനും മുമ്പ് പെണ്‍കുട്ടിയോടൊപ്പം ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





