11 July, 2026 11:40:22 AM


ഒഡീഷയിൽ എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി



ബാലസോർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സിനിമാ സ്റ്റൈലിൽ വൻ എ.ടി.എം കവർച്ച. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ടുഡിഗാഡിയ ബസാർ പ്രദേശത്താണ് സംഭവം. അജ്ഞാതരായ മോഷ്ടാക്കൾ മഹീന്ദ്ര ഥാർ എസ്‌.യു.വി ഉപയോഗിച്ച് എ.ടി.എം മെഷീൻ കെട്ടിവലിച്ച് കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തകർത്ത് പണം അപഹരിക്കുകയുമായിരുന്നു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാറിലെത്തിയ അഞ്ചിലധികം വരുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. എ.ടി.എം കിയോസ്കിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ ഇവർ മെഷീനിൽ കയർ കെട്ടിയ ശേഷം വാഹനവുമായി ബന്ധിപ്പിച്ചു. തുടർന്ന് വാഹനം മുന്നോട്ടെടുത്തതോടെ മെഷീൻ ഇളകിപ്പോരുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. പിന്നീട് വിജനമായ ഒരു പ്രദേശത്തെത്തിയ ശേഷം മെഷീൻ തകർത്ത് പണം കവരുകയും, തകർന്ന എ.ടി.എം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

മോഷണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെയും കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മെഷീനിൽ എത്ര രൂപയുണ്ടായിരുന്നുവെന്ന കാര്യം ബാങ്ക് അധികൃതരുമായി ചേർന്ന് പോലീസ് പരിശോധിച്ചുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928