10 July, 2026 11:45:30 AM
30 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ അപമാനിച്ചു; ബംഗളൂരുവിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കി

ബംഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽനിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. മോഷണത്തിൽ തനിക്കെതിരേ തെറ്റായ ആരോപണമുന്നയിച്ചതും അധ്യാപകർ അപമാനിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.
സ്കൂളിൽനിന്ന് ഒരിക്കൽ 20 രൂപയും 10 രൂപയും മോഷണംപോയ സംഭവമുണ്ടായി. ഇതിൽ അധ്യാപകർ തനിക്കെതിരേയാണ് ആരോപണമുന്നയിച്ചത്. അധ്യാപകർ തന്നെ വഴക്ക് പറഞ്ഞു. അധ്യാപകരുടെ അപമാനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.
തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിൽ അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





