13 May, 2026 11:22:34 AM
തിരുപ്പൂരിൽ ട്രക്കും കാറും കൂട്ടിയിച്ച് അപകടം; ആറ് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂരിൽ ട്രക്കും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും അടക്കമുള്ളവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുപ്പൂർ വെള്ളക്കോവിൽ - കരൂർ ദേശീയ പാതയിലെ പോലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥൻ അപകടത്തിൽപെട്ടത്. അമിതവേഗതയിൽ വന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറും കാറിലുണ്ടായിരുന്ന നാല് പേരും മരിച്ചു. അപകടവിവരമറിഞ്ഞെത്തിയ പോലീസ് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. സംഭവത്തിൽ വെള്ളക്കോവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





