12 November, 2026 10:18:44 AM
കശ്മീരില്‍ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ജമ്മു: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് വെടിയുണ്ടകള്‍ ഏറ്റ നിലയില്‍ രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ (എസ് പി ഒ) മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെ കണ്ടെടുത്തത്. ദച്ചാനിലെ കിയാര്‍ ഗ്രാമത്തില്‍ ലോക്കല്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ (എസ് ഒ ജി) നിയമിതരായ ബാബി ചന്ദ് (57), രഷ്പാല്‍ കുമാര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
ദച്ചാന്‍ ബെല്‍റ്റില്‍ നിന്ന് ഇന്നലെ കാണാതായ ഇവര്‍ക്കായി തിരിച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കണ്ടെത്താനായില്ല. സംഭവത്തിനു പിന്നില്‍ തീവ്രവാദികളാണെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച അവരുടെ ക്യാമ്പില്‍ നിന്ന് ധര്‍ണ-മര്‍വയിലെ ഒരു സൈനിക പോസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായത്. വനമേഖയലില്‍ നിന്നു വെടിയൊച്ചകള്‍ കേട്ടതായി സൂചനയുണ്ടായിരുന്നു.




