28 October, 2026 07:38:21 PM


തേനിയില്‍ ജയില്‍ ചാടിയ 17 പ്രതികളും പിടിയിൽ



ചെന്നൈ: തമിഴ്‌നാട് തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്നും ഉത്തംപാളയത്തിലേക്കുള്ള വഴിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായി വരവേയാണ് പ്രതികള്‍ പിടിയിലായത്. തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരാണ് ഏറ്റവും ഒടുവില്‍ പൊലീസില്‍ കീഴടങ്ങാന്‍ വരുന്നതിനിടെ പിടിയിലായത്. വനമേഖലയില്‍ കഴിയുന്നതിനുള്ള പരിമിതി മൂലമാണ് ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മറ്റ് രണ്ട് പേര്‍ പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തില്‍ എട്ടു പേരും രാവിലെ നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരും പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തേനി ജയില്‍ച്ചാട്ടം വലിയ രാഷ്ട്രീയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന 17 വിചാരണ തടവുകാര്‍ ജയില്‍ വാര്‍ഡനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞത്. തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരം ഉണ്ടായെന്ന വ്യാജേനയാണ് പ്രതികള്‍ വാര്‍ഡന്റെ സഹായം തേടുന്നത്. തുടര്‍ന്ന് സെല്ല് തുറന്ന് അകത്ത് കടന്ന വാര്‍ഡനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചു. പിന്നാലെ സുരക്ഷ ചുമതയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും ഇവര്‍ ആക്രമിച്ച ശേഷമാണ് ഇവർ ജയിൽചാടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936