18 November, 2026 11:14:22 AM


മുംബൈയിൽ മധുരപലഹാരം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു; 5 പേർ ചികിത്സയിൽ



മുംബൈ: മധുരപലഹാരം കഴിച്ചതിന് പിന്നാലെ യുവാവ് ദാരുണമായി മരിച്ചു. അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. മുംബൈയിലെ സാഗര്‍ സ്വീറ്റ്സ് ആന്‍ഡ് ബേക്കറിയില്‍ നിന്നും 'അഫ്ലാടൂണ്‍' എന്ന മധുരപലഹാരം കഴിച്ച സുബൈര്‍ അന്‍സാരി(35)യാണ് മരിച്ചത്. പലഹാരം കഴിച്ചയുടന്‍ അദ്ദേഹത്തിന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി മരണം സംഭവിക്കുകയുമായിരുന്നു. ഒപ്പം മധുരപലഹാരം കഴിച്ച മറ്റുള്ളവര്‍ക്കും സമാനമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായത്.

കടുത്ത ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയവരില്‍ ഒരാള്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ അധികൃതര്‍ കട പൂട്ടി സീല്‍ ചെയ്തു. കടയില്‍ നിന്ന് പരിശോധനയ്ക്കായി പലഹാരങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍നടപടിയുടെ ഭാഗമായി ഈ സ്ഥാപനത്തില്‍ നിന്ന് 4.58 ലക്ഷം രൂപയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926