17 November, 2026 01:46:13 PM
ഛത്തീസ്ഗഢിലെ ജയിലിൽ നിന്ന് നാല് തടവുകാർ രക്ഷപ്പെട്ടു

മഹാസമുണ്ട്: ഛത്തീസ്ഗഢിലെ മഹാസമുണ്ട് ജില്ലാ ജയിലിൽ നിന്ന് നാല് വിചാരണത്തടവുകാർ ജയിൽമതിൽ ചാടി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം. രക്ഷപ്പെട്ടവരിൽ മൂന്ന് പേർ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. ബെംച പ്രദേശത്തുള്ള ജയിലിലെ അഞ്ചാം നമ്പർ ബാരക്കിൽ കഴിഞ്ഞിരുന്നവരാണ് സുരക്ഷാ മതിൽ മറികടന്ന് പുറത്തുകടന്നത്. മോഷണക്കേസിൽ അറസ്റ്റിലായ പഞ്ചുറാം നിഷാദ്, ലഹരിമരുന്ന് കേസുകളിൽ പ്രതികളായ രാജേന്ദ്ര രാജ് ചൗധരി, ധരംവീർ യോഗി, ലിലാധർ പാൽ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ അറിയിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജയിൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താൻ ജില്ലയിലുടനീളം തിരച്ചിൽ ആരംഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചും വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. തടവുകാർ എങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ജയിൽമതിലിന് സമീപമെത്തിയതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. 2021 മേയിലും ഇതേ ജയിലിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ബലാത്സംഗക്കേസിലെ പ്രതിയുൾപ്പെടെ അഞ്ച് തടവുകാരാണ് ജയിൽമതിൽ ചാടി രക്ഷപ്പെട്ടത്.




