05 November, 2026 01:16:16 PM


ചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻ



ന്യൂഡല്‍ഹി: രാംലീല മൈതാനിയിലെ ചലോ ദില്ലി പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ട സ്സ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ നേതാക്കള്‍ക്ക് എതിരെയാണ് നടപടി. ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേരെ സസ്‌പെന്‍ഡ് ചെയ്തു. സംഘടനാപരമായ അച്ചടക്കമില്ലായ്മയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. 9 ജില്ലാ പ്രസിഡന്‍റുമാര്‍, 5 വൈസ് പ്രസിഡന്‍റുമാര്‍, 14 ജനസെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവരെയാണ് ഒരറിയിപ്പുണ്ടാകും വരെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്. പനി, കുഞ്ഞിന്‍റെ പിറന്നാള്‍, രക്ഷിതാക്കളുടെ അനാരോഗ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നോക്കിയെങ്കിലും കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി നടപടിയെടുത്തിരിക്കുകയാണ്. 

രാംലീല പ്രതിഷേധത്തില്‍ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ അവകാശവാദം. എന്നാല്‍ അണികളുടെ കുറവിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി ട്രോളാക്കിയതോടെയാണ് അണികളുടെ ചോര്‍ച്ചയെ കുറിച്ച് കോണ്‍ഗ്രസ് അന്വേഷണവും നടപടിയും തുടങ്ങിയത്. സിപിഎം ആര്‍ജെഡി, സമാജ് വാദി തുടങ്ങിയ പാര്‍ട്ടികളുടെ അണികളും കൊടികളും രാംലീല മൈതാനത്തിന്‍റെ മുന്‍ നിര കൈവശപ്പെടുത്തിയതും കോണ്‍ഗ്രസിന് ക്ഷീണമായി. ജെന്‍സികളെ കൂടി ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വന്തം പാര്‍ട്ടിയിലെ ജെന്‍സി പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയാതെ പോയതും പ്രഹരമായി. വലിയ ചോര്‍ച്ച കണ്ടെത്തിയ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലാണ് മുഖം നോക്കാതെയുള്ള നടപടിയെടുത്തത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917