29 April, 2026 11:16:50 AM


സഹോദരനെ കൊന്നത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; സജിയുടെ മൊഴി പുറത്ത്



നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ സജിയുടെ മൊഴി പുറത്ത്. അമ്മ മേരിക്കുട്ടിയേയും സഹോദരന്‍ റെജിയേയും കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം. ഏപ്രില്‍ നാലിന് രാത്രിയിലാണ് വീട്ടില്‍ വെച്ച് കൊലപാതകം നടന്നത്. സ്വത്തിനെച്ചൊല്ലി സജിയും സഹോദരനും തമ്മില്‍ മുമ്പേ തന്നെ തര്‍ക്കം നിലനിന്നിരുന്നു. മദ്യപിച്ചെത്തിയ സജി സഹോദരനുമായി സംഭവദിവസം വീണ്ടും തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലും കയ്യാങ്കളിയിലുമെത്തി.

മര്‍ദ്ദനമേറ്റ റെജി നിലത്തു വീണപ്പോള്‍ കഴുത്തില്‍ ചവിട്ടി പിടിച്ചു. തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പക്ഷാഘാതം വന്ന് തളര്‍ച്ചയുണ്ടായി ചികിത്സയിലായിരുന്ന അമ്മ മേരിക്കുട്ടിയേയും അതിക്രൂരമായി മര്‍ദ്ദിച്ചു. കയ്യില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു. മുഖത്ത് ഇടിച്ചു. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞ് വിറകുപുരയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചു. മൂന്നാം ദിവസം രാത്രിയാണ് മൃതദേഹങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടതെന്നും സജി പൊലീസിനോട് പറഞ്ഞു.

കൊലപാതകങ്ങള്‍ക്ക് ശേഷം സജി സാധാരണ പോലെ ജോലിക്ക് പോയിരുന്നു. എന്നാല്‍ മേരിക്കുട്ടിയെയും റെജിയേയും കാണാതായതോടെ, നാട്ടുകാര്‍ക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചികിത്സയ്ക്ക് തേനിയില്‍ പോയി, സഹോദരിയുടെ വീട്ടില്‍ പോയി എന്നിങ്ങനെ പല മറുപടികളാണ് സജി നല്‍കിയിരുന്നത്. അമ്മയേയും സഹോദരനേയും കാണാനില്ലെന്ന് കാണിച്ച് സഹോദരി സിനി നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. നെടുങ്കണ്ടം പൊലീസ് വീട്ടിലെത്തിയതോടെ സജി ഒളിവില്‍ പോകുകയായിരുന്നു.

രണ്ടു ദിവസത്തോളം സജി സമീപത്തെ പറമ്പിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നു. ഇന്നലെ പൊലീസ് നായയേയും ഡ്രോണും ഉപയോഗിച്ചു തിരിച്ചില്‍ നടത്തുന്നതിനിടെ സജി താഴെ റോഡിലേക്ക് ഇറങ്ങി വരികയായിരുന്നു. ഉടന്‍ തന്നെ പൊലീസ് പിടികൂടി. ഇടുക്കി എസ്പി സാബു മാത്യു, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സജിയെ ഇന്നലെ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ചോദ്യം ചെയ്തശേഷം സജിയെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306