14 July, 2026 10:25:52 AM


മന്തിയുടെ അളവ് കുറഞ്ഞു; കരുനാ​ഗപ്പള്ളിയിൽ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാവ്



കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം. കരുനാ​ഗപ്പള്ളിയിലെ മന്തി മൻസിൽ ഹോട്ടലിലാണ് ചില്ലുകൾ അടിച്ചുതകർത്ത് യുവാവ് അതിക്രമം കാട്ടിയത്. തേവലക്കര സ്വദേശിയായ അജ്മൽ എന്നായാളാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിരക്കേറിയ സമയത്ത് ഹോട്ടലിലേക്ക് കയറിവന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ചില്ലുകൾ അടിച്ചുതകർത്തെന്നാണ് പറയുന്നത്. ഇതിന്റെ ​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, സംഭവസമയം പ്രതി മ​ദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസമോ അതിന് മുൻപുള്ള ദിവസങ്ങളിലോ ഇയാൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനോ മറ്റോ വന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946