27 April, 2026 10:32:31 AM
പിറന്നാളാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിനെച്ചൊല്ലി തർക്കം; വെടിവെപ്പിൽ 3 പേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച്ച ബുലന്ദ്ഷഹറിലെ ഒരു ജിമ്മിലാണ് ജന്മദിനാഘോഷത്തിനിടെ സംഘർഷമുണ്ടായത്. ജിം പരിശീലകന്റെ മുഖത്ത് കേക്ക് പുരട്ടിയത് സംബന്ധിച്ച് രണ്ട് ഗ്രൂപ്പുകള്‍ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ജിം പരിശീലകൻ എതിർസംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അമര്‍ സൈനി (26), മനീഷ് സൈനി( 23), ആകാശ് സൈനി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ജിം ട്രെയിനറായ ജിത്തുവിന്റെ പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്ക് മുഖത്ത് പുരട്ടിയത് സംബന്ധിച്ച് തർക്കമുണ്ടായി. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുളള വാക്കുതർക്കം സംഘർഷ സാഹചര്യത്തിലെത്തി. ഇതോടെ ജിം പരിശീലകനും കൂട്ടാളികളും എതിർ ഗ്രൂപ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് സുഭാഷ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ നടന്ന വെടിവെപ്പിൽ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മൂവരും തറയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, സംഘര്‍ഷം എന്നിവയുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.





