17 April, 2026 06:48:52 PM


മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 2 ലക്ഷം രൂപയും 12 ഫോണുകളും മോഷ്ടിച്ചു; യുവാവ് പിടിയിൽ



മൂവാറ്റുപുഴ: വാഴക്കുളം നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയും ഫോണുകളും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല എൻഎഡി മുകൾഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സാനു സേവ്യർ (34) ആണ് പിടിയിലായത്. മോഷണം പോയ തുകയിൽ ഒരു ഭാഗവും ഫോണുകളും പ്രതിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
​വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന, ആരക്കുഴ സ്വദേശി ഡെബിന്റെ ഉടമസ്ഥതയിലുള്ള 'നിയ മൊബൈൽസ്' എന്ന കടയിൽ കഴിഞ്ഞ 11 ന് പുലർച്ചെ 2 മണിയോടെയാണ് വൻ മോഷണം നടന്നത്. കടയുടെ ഷട്ടർ പൊളിച്ചും ഗ്ലാസ് തകർത്തുമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ട് ലക്ഷം രൂപയും കീപാഡ് ഫോണുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള 12 മൊബൈൽ ഫോണുകളുമാണ് കടയിൽ നിന്നും നഷ്‌ടപ്പെട്ടത്. തെളിവ് നശിപ്പിക്കുന്നതിനായി കടയിലെ സിസിടിവി ക്യാമറകളും ഡിവിആറും മോഷ്ടാക്കൾ കവർന്നിരുന്നു.

​പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന കവർച്ച വ്യാപാരികൾക്കിടയിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു. തുടർന്ന് വാഴക്കുളം ഇൻസ്പെക്ടർ അനീഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ എടത്തലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
​പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. എടത്തലയിൽ പ്രതിയുടെ സഹോദരി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മോഷണമുതൽ. ഇവിടെ നിന്നും 25,000 രൂപയും 5 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള തുകയും ഫോണുകളും കേസിലെ രണ്ടാം പ്രതിയുടെ കൈവശമാണെന്നാണ് സൂചന. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ സാനു സേവ്യറിന് സമാനമായ മറ്റ് കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ടെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K