14 April, 2026 01:39:43 PM


ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ; വരനെയും കുടുംബത്തെയും പൂട്ടിയിട്ട് സ്വർണവുമായി മുങ്ങി



ലക്നൗ: വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി.  തനിക്ക് വിവാഹത്തിൽ താൽപ്പര്യമില്ലെന്നും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇതിന് സമ്മതിച്ചതെന്നും വെളിപ്പെടുത്തി. 

തർക്കത്തിനൊടുവിൽ യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തുകയും വീട്ടിൽ അതിക്രമം അഴിച്ചുവിടുകയും ചെയ്തു. വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പിഎൻജി ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിന് തീയിടാനും സ്ഫോടനമുണ്ടാക്കാനും ഇവർ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. അയൽക്കാരുടെ സഹായത്തോടെയാണ് വരനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞത്. സംഭവത്തിൽ തുടക്കത്തിൽ നടപടിയെടുക്കാൻ പോലീസ് വിസമ്മതിച്ചതോടെ ഭർത്താവിന്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് നിലവിൽ വധുവിനും പിതാവിനും ബന്ധുക്കൾക്കുമെതിരെ ജഗദീഷ്പുര പോലീസ് കേസെടുത്തു. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയെയും പോലീസ് തിരയുന്നുണ്ട്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K