02 November, 2016 12:35:14 AM
വനിതാരത്‌നം അവാർഡിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങൾക്കുളള അംഗീകാരമായി കേരള സർക്കാർ നൽകുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഉജ്ജ്വലമായ ഭരണ നൈപുണ്യം, കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളിലൂടെ വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കിയ വനിതകൾക്ക് അപേക്ഷിക്കാം. അവാർഡിന് പരിഗണിക്കുന്നതിനായി അവരവരുടെ പ്രവർത്തന മേഖല സംബന്ധിച്ച വിവരണം അടക്കം ചെയ്ത അപേക്ഷ നവംബർ 19 നകം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ലഭിച്ചിരിക്കണം.
വ്യക്തികൾക്കും സംഘടനകൾക്കും മേൽ സൂചിപ്പിച്ച വിഭാഗത്തിലുളള വനിതകളെ അവാർഡിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. ത്യാഗത്തിന്റേയും ധൈര്യത്തിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും പേരിൽ കേരള ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിച്ച റാണീ ഗൗരി ലക്ഷ്മിഭായ്, അക്കമ്മ ചെറിയാൻ, ക്യാപറ്റൻ ലക്ഷ്മി എൻ മേനോൻ, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമാ ബീബി എന്നിവരുടെ പേരിൽ എട്ട് അവാർഡുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.