24 March, 2026 12:06:27 PM


ജിമ്മിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരി വിൽപന; യുവതി അറസ്റ്റിൽ



തൃശൂർ: തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിലും മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 90,500 രൂപയും പിടിച്ചെടുത്തു. കൂടാതെ, ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ചെറിയ പ്ലാസ്റ്റിക് കുപ്പികളും പോലീസ് കണ്ടെടുത്തു. കരയാമുട്ടത്തെ വാടകവീട്ടിൽ വെച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്.

തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരമാണ് ഈ വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. വിശ്വസ്തരായ ഇടപാടുകാർക്ക് മാത്രം ലഹരിമരുന്ന് കൈമാറിയിരുന്ന ശ്രീലക്ഷ്മി, പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തിയിരുന്നു. ജിമ്മിലെയും ബ്യൂട്ടി സലൂണിലെയും ജോലിയുടെ മറവിൽ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. സ്കൂൾ കുട്ടികളെ നിരീക്ഷിച്ച് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്താനായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943