20 March, 2026 10:39:12 AM
ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ജ്യോതിഷി പിടിയിൽ

മുംബൈ: പീഡനക്കേസില്‍ ജ്യോതിഷി അറസ്റ്റില്‍. ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട്(67) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. മയക്കുമരുന്ന് നല്‍കിയും ഹിപ്‌നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 35 കാരി പരാതി നല്‍കിയതോടെയാണ് ഇയാള്‍ നടത്തിയ പീഡന പരപമ്പര പുറത്തുവന്നത്.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരക്രിയകള്‍ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടർന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുമായിരുന്നു പീഡനം. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ പ്രതി മയക്കുമരുന്ന കലര്‍ത്തിയ പാനീയം നല്‍കിയും ഹിപ്‌നോട്ടൈസ് ചെയ്തും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഭര്‍ത്താവിന്റെ മരണം പ്രവചിച്ചും ദുര്‍മന്ത്രവാദത്തിന്റെ ഭീതി ജനിപ്പിച്ചുമാണ് ഇയാള്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകർത്താനായി ഖരാട്ട് തന്റെ ഓഫീസിനുള്ളില്‍ രഹസ്യമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പൊലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ 58 ഓളം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതീവ രഹസ്യമായാണ് പൊലീസ് ഖരാട്ടിന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയില്‍ ഇയാളുടെ ഫാം ഹൗസിന് പുറത്ത് 'കള്ളന്‍ കള്ളന്‍' എന്ന് പൊലീസ് ഉച്ചത്തില്‍ വിളിച്ചു. ഈ ബഹളത്തിനിടയില്‍ വീടിനുള്ളില്‍ കടന്ന പൊലീസ് സംഘം ഖരാട്ടിനെ കിടപ്പുമുറിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുട്ടെയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. ഡല്‍ഹി മുതല്‍ മഹാരാഷ്ട്ര വരെ ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.





