19 February, 2026 07:55:33 PM


തിരുനക്കരയിൽ സപ്ലൈകോ സിഗ്നേച്ചർ മാർട്ടിന് നാളെ തുടക്കം



കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പർ മാർട്ട് നാളെ മുതൽ സപ്ലൈകോ സിഗ്നേച്ചർ മാർട്ടായി പ്രവർത്തനം വിപുലീകരിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി ജി.ആർ അനിൽ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും, നാല് ബില്ലിംങ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്വകാര്യ കോർപ്പറേറ്റ് ഹൈപ്പർ മാർട്ടുകളോട് കിടപിടിക്കുന്ന രീതിയിൽ മികച്ച നിലവാരത്തിലാണ് സപ്ലൈകോയുടെ തിരുനക്കര സിഗ്നേച്ചർ മാർട്ട് ഇനിമുതൽ പ്രവർത്തിക്കുക. അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും, നാല് ബില്ലിംങ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പാൽ, ശീതള പാനീയങ്ങൾ, മുട്ട അടക്കമുള്ളവയും പുതുതായി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. സപ്ലൈകോയുടെ എല്ലാവിധ സബ്സിഡി ഉൽപ്പന്നങ്ങൾക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും.

കോട്ടയം സിഗ്നേച്ചർ മാർട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദർശകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഫെബ്രുവരി 20 വരെ  വലന്റെെൻസ് ഡേ മുൻനിർത്തി 1000 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും, 500 രൂപയ്ക്ക് മുകളിൽ ഇതര ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും.

കഴിഞ്ഞ ഓഗസ്റ്റിലാണ് തിരുനക്കരയിൽ സിഗ്നേച്ചർ മാർട്ടിന്റെ പണികൾ ആരംഭിച്ചത്. ഇതേത്തുടർന്ന് സപ്ലൈകോ ഹൈപ്പർമാർട്ടിന്റെ പ്രവർത്തനം മാവേലി ടവറിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയിരുന്നു. പടികൾ കയറി മുകളിൽ സാധനം വാങ്ങാൻ എത്തണമെന്നത് പ്രായമുള്ള ഉപഭോക്താക്കൾക്ക് അടക്കം വലിയ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു.

സ്വകാര്യ കമ്പനികളുടെ സ്പോൺസർഷിപ്പിൽ നവീകരിച്ച കോട്ടയത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട്ട് കൂടിയാണിത്. കണ്ണൂരിലാണ് ആദ്യത്തെ സിഗ്നേച്ചർ മാർട്ട് തുടങ്ങിയത്. എറണാകുളത്തെ സിഗ്നേച്ചർ മാർട്ട് നിർമ്മാണ ഘട്ടത്തിലുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930