05 June, 2025 04:08:13 PM


'റൈസിങ് പൂഞ്ഞാർ ടുകെ25' നിക്ഷേപ സംഗമം ജൂൺ 9 ന്; 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം



കോട്ടയം: സംസ്ഥാന സർക്കാർ കൊച്ചിയിൽ നടത്തിയ 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി'ന്റെ മാതൃകയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ  തിങ്കളാഴ്ച (ജൂൺ 9) ഈരാറ്റുപേട്ട ബറകാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ 'റൈസിങ് പൂഞ്ഞാർ ടുകെ25' എന്ന പേരിൽ നിക്ഷേപകസംഗമം സംഘടിപ്പിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ ' നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 206 സംരംഭകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 7381 പേർക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു.

 മന്ത്രിമാരായ വി.എൻ വാസവൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. 

മേളയുടെ ഉദ്ഘാടനം വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി. രാജീവും സമാപനസമ്മേളനം ഉദ്ഘാടനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും നിർവഹിക്കും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ സെഷനുകൾ നയിക്കും. 

 പൂഞ്ഞാർ നിയോജകമണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും നിരവധി നിക്ഷേപ പദ്ധതികൾ മീറ്റിലൂടെ പ്രതീക്ഷിക്കുന്നു. ' പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ, കാർഷികാധിഷ്ഠിത ഭക്ഷ്യ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, ഐ.ടി./ഐ.ടി.ഇ.എസ്.  സാധ്യതകൾ, റബർ അധിഷ്ടിത വ്യവസായങ്ങൾ, മരഉൽപന്ന സംരംഭങ്ങൾ, സുഗന്ധ വ്യഞ്ജനാധിഷ്ഠിത സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ നിരവധി സാധ്യതകളും സമീപഭാവിയിൽ എരുമേലിയിൽ ആരംഭിക്കുന്ന ശബരി ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ സാധ്യതകളും മുന്നിൽ കണ്ട് മണ്ഡലത്തിൽ കൂടുതൽ വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിച്ച് ഉൽപാദനവും അതുവഴി ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കാനാണ് നിക്ഷേപകസംഗമം ലക്ഷ്യം വെക്കുന്നത്.

 സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ എല്ലാവിധ അനുമതികളും സാങ്കേതികപിന്തുണയും ഉറപ്പുവരുത്താനും മൂലധന സമാഹരണത്തിനുള്ള അവസരങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്തോടെ ലഭ്യമാക്കാനും നിക്ഷേപകസംഗമം ല ക്ഷ്യം വെക്കുന്നു. 
 ജൂൺ 9 രാവിലെ 9.00 മണിക്കു രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30 മുതൽ 10.30 വരെ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, സർക്കാർ പിന്തുണ-ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പദ്ധതികൾ, ബാങ്കുകൾ-അംഗീകൃത ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മൂലധനം സ്വരൂപിക്കൽ എന്നിവ സംബന്ധിച്ചു വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവും സംഘവും നയിക്കുന്ന പാനൽ സെഷൻ നടക്കും. 

 10.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.  പുതിയ അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്, അഗ്രി ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിവയുടെ ' പ്രഖ്യാപനം ജോസ് കെ. മാണി എം.പി. നിർവഹിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സന്ദേശം നൽകും. സംരംഭകവർഷവുമായി ബന്ധപ്പെട്ട ഐകെജിഎസ്. പ്രോഗ്രസ് കാർഡ് അവതരണം വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൻ ഖാദർ എന്നിവർ ആശംസകളറിയിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് നന്ദിയും പറയും. 

ഉദ്ഘാടനസമ്മേളനശേഷം 12.15 മുതൽ 1.15 വരെ മന്ത്രി പി. രാജീവ് പങ്കെടുക്കുന്ന ചർച്ച നടക്കും. ഉച്ചഭക്ഷണശേഷം 1.45 മുതൽ 2.00 മണി വരെ സംരംഭകത്വത്തെപ്പറ്റിയുള്ള സെഷൻ നടക്കും. തുടർന്നു 2.00 മണി മുതൽ മൂന്നുമണിവരെയുള്ള സെഷനിൽ 'കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ നടത്തുന്ന സംരംഭങ്ങൾ-കാലഘട്ടത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ടി.കെ. ജോസ് സംസാരിക്കും. 3.15 മുതൽ 4.15 വരെയുള്ള സെഷനിൽ മലയോരമേഖലയിലെ അഗ്രി സംരംഭങ്ങൾ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബികയും 4.30 മുതൽ 5.30 വരെയുള്ള സെഷനിൽ 'പൂഞ്ഞാറിനായുള്ള ടൂറിസം വ്യവസായ മാതൃക' എന്ന വിഷയത്തിൽ സന്തോഷ് ജോർജ് കുളങ്ങരയും സെഷനുകൾ നയിക്കും.

5.30ന് സമാനസമ്മേളനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാകും. മുഖ്യപ്രഭാഷണവും താൽപര്യപത്രങ്ങളുടെ പ്രഖ്യാപനവും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ജില്ലാപഞ്ചായത്തംഗങ്ങളായ ഷോൺ ജോർജ്, അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ, ജോർജ് മാത്യൂ, കെ.സി. ജെയിംസ്, സ്‌കറിയ ജോസഫ്, മറിയാമ്മ സണ്ണി, കെ.കെ. ശശികുമാർ, ബിജോയി ജോസ്, സി.എം. ജാൻസി, കെ.എം. രേഖാ ദാസ് എന്നിവർ സന്നിഹിതരാകും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. പ്രവീൺ നന്ദിയും പറയും. തുടർന്ന് 6.30 മുതൽ 7.30 വരെ സാംസ്‌കാരിക പരിപാടികൾ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, വ്യവസായികൾ, സംരംഭകർ എന്നിവർ വലിയ പിന്തുണയാണ് പരിപാടിക്ക് നൽകിയിട്ടുള്ളതെന്നും എം.എൽ.എ. പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ജോയി ജോർജ്ജ്,  അഡ്വ. പി.എസ്. സുനിൽ, അഡ്വ. സാജൻ കുന്നത്ത്, ദിലീപ് കുമാർ, ടോമി ജോസഫ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.ആർ. രാകേഷ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K