31 May, 2025 06:43:29 PM
നെടുംകുന്നത്ത് രണ്ട് സ്‌കൂളുകൾ പുതിയ കെട്ടിടത്തിലേക്ക്

കോട്ടയം : പുതിയ അധ്യായന വർഷത്തിൽ നെടുംകുന്നത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ പുതിയ ക്ലാസ് മുറികളിൽ പഠിച്ചു തുടങ്ങും. നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂളിലെയും ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളാണ് പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സജ്ജമായിട്ടുള്ളത്.
നെടുംകുന്നം ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ സർക്കാർ ചീഫ് വിപ് ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.52 കോടി ഉപയോഗിച്ച് നിർമാണം പൂർത്തീയായി. ഇരു നിലകളിലായാണ് നിർമ്മാണം.
എട്ട് ക്ലാസ് റൂം, ലൈബ്രറി റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, കൗൺസിലിങ് റൂം, രണ്ടു നിലയിലുമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് എന്നി സൗകര്യങ്ങളോടെയാണ് നിർമ്മാണം.വിശാലമായ സ്റ്റെയർ ,പാഠപുസ്തകങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിക്കാൻ സ്റ്റോർ റൂം എന്നിവയുമുണ്ട്. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ജൂൺ രണ്ടിന് സ്‌കൂൾ കെട്ടിടം സർക്കാർ ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറ ഭാഗമായി പ്‌ളാൻ ഫണ്ടിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നെടുംകുന്നം നോർത്ത് ഗവൺമെന്റ് യു.പി. സ്‌കൂൾ നിർമാണം പൂർത്തീകരിച്ചത്. രണ്ട് നിലകളിലായി എട്ട് ക്‌ളാസ് മുറികളാണുള്ളത്. വിശാലമായ വാരാന്തയും സ്റ്റെയറും ഇതൊടൊപ്പമുണ്ട്. 140 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു.
ചടങ്ങിൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം ഗോപകുമാർ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ണൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോ ജോസഫ്,വീണ ബി. നായർ, മേഴ്‌സി റെൻ,കെ.എൻ ശശീന്ദ്രൻ, സ്‌കൂൾ പ്രഥമാധ്യാപിക കെ.ജി ബിന്ദുമോൾ, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ കെ. ജെ. പ്രസാദ്, ബി.പി.സി എം. സ്വപ്ന എന്നിവർ പങ്കെടുത്തു.