29 May, 2025 08:57:07 AM
ലോക പുകയില വിരുദ്ധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം മേയ് 31ന്

കോട്ടയം: കാൻസർ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടവും ലോക പുകയില വിരുദ്ധദിനാചരണവും ജില്ലയിൽ സംഘടിപ്പിക്കും. മേയ് 31ന് രാവിലെ 9 മണിക്ക് കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന പരിപാടി സഹകരണ- തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടം പുരുഷന്മാരിലെ വദനാർബുദം, വൻകുടൽ കാൻസർ എന്നിവ കേന്ദ്രികരിച്ചാണ്.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യതിഥിയാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സൂരജ് സന്ദേശം നൽകും. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എ. ജെ. തോമസ് പ്രതിജ്ഞ ചൊല്ലി കൊടുക്കും. കാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് പാലാ ജനറൽ ആശുപത്രി റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. പി.എസ്.ശബരിനാഥ് നയിക്കും. ചടങ്ങിൽ കോട്ടയം നഗരസഭാംഗം ഡോ. പി.ആർ.സോന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി, സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ്, എം.ജി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി ജോബിൻ എന്നിവർ പങ്കെടുക്കും.