23 May, 2025 12:54:52 PM
അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയ്ക്കൊപ്പം നടന്നു പോകവെ മകൾ കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി ടി രമേശിന്റെ മകൾ ആർ അഭിത പാർവതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ ജി നിഷയെ (47) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കളക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.