23 May, 2025 09:07:22 AM


നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ടാബും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു; പ്രതി പിടിയില്‍



പള്ളിക്കത്തോട്: റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 14000 രൂപ വില വരുന്ന ടാബും, പാസ്സ്‌ബുക്കും മറ്റുരേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ച ആളെ പിടികൂടി. കൂരോപ്പട, ളാക്കാട്ടൂർ, ആനക്കല്ലുങ്കൽ വീട്ടിൽ നിഥിൻ കുര്യൻ (35 വയസ്സ് )ആണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ  5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കത്തോട് കൂരോപ്പട റോഡ് സൈഡിൽ കൊള്ളികുളവിൽ ജൂവലറിയുടെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന പ്രൈവറ്റ് ഓട്ടോറിക്ഷയുടെ പിൻ സീറ്റിൽ ഇരുന്ന 14000 രൂപയോളം വില വരുന്ന ടാബും മറ്റു രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോവുകയായിരുന്നു. 8-ാം തീയതി പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സിസിടിവികളും മറ്റും പരിശോധിച്ചതിൽ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള നിതിൻ കുര്യനാണ് മോഷണം നടത്തിയത് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതിക്കായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം പകൽ ഇയാളെ അയർകുന്നം ഭാഗത്തു വച്ച് കണ്ടെത്തുകയും പള്ളിക്കത്തോട് എസ്എച്ച്ഒ ടോംസൺ കെ പി, എസ് ഐ ഷാജി പി എന്‍, എസ് ഐ ജോബി ജേക്കബ്, സിപിഒ ജയലാൽ, സിപിഒ രാജേഷ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K