16 April, 2025 09:45:31 AM
മകൾ രാജിവെച്ചു: പിന്നാലെ വകുപ്പിനും മന്ത്രിയുടെ ഓഫിസിനും എതിരെ പിതാവിന്റെ ഫേസ്ബുക് പോസ്റ്റ്
പി എം മുകുന്ദൻ
കോഴിക്കോട്: സർക്കാർ സർവീസിൽ നിന്നും മകൾ രാജിവെച്ച പിന്നാലെ വകുപ്പിനും മന്ത്രിയുടെ ഓഫിസിനും എതിരെ പിതാവിന്റെ ഫേസ്ബുക് പോസ്റ്റ്. പൊതു മരാമത്തു വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന കോട്ടയം സ്വദേശിനി യാരാ എബ്രഹാമിന്റെ രാജി സർക്കാർ അംഗീകരിച്ച പിന്നാലെയാണ് ഭരണസിരാ കേന്ദ്രത്തിനെതിരെ വിമർശനവുമായി പിതാവ് എബ്രഹാം ജോയൽ രംഗത്തെത്തിയത്. എബ്രഹാം ജോയലിന്റ ഫേസ്ബുക് പോസ്റ്റ് ചുവടെ.
"കേരള പൊതു മരാമത്തു വകുപ്പ് (PWD) Chief എൻജിനീയർ വരി ഉടച്ചു വന്ധ്യംകരിക്കപ്പെട്ടു വെറും Cheap എൻജിനീയർ ആയി മാറിയിരിക്കുന്ന ദുരവസ്ഥയിലായിരിക്കെ തുറന്ന ഒഴിവിലേക്ക് സൗകര്യ പ്രദമായ ഒരു സ്ഥലം മാറ്റത്തിനായി മന്ത്രി പുംഗവൻ്റെ ആഫീസ് കയറിയിറങ്ങി ജനങ്ങളുടെ മാൻഡേറ്റോ നിയമം വഴിയുള്ള അധികാര ദാനമോ ലഭിച്ചിട്ടില്ലാത്ത 'പെഴ്സനൽ സ്റ്റാഫെ'ന്ന സർവാധികാര്യക്കാരുടെ കാലു പിടിക്കാൻ മനസ്സില്ലാത്തതു കൊണ്ട് എൻ്റെ മകൾ പൊതു മരാമത്തു വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ ഉദ്യോഗം രാജിവച്ചിരിക്കുന്നു. എൻജിനീയറിങ് ബിരുദത്തിനു പുറമേ എറണാകുളം ഗവ. ലോ കോളജിൽ റഗുലറായി പഠിച്ചു പ്രശസ്തമായി ജയിച്ച എൽ.എൽ.ബി. ബിരുദധാരി കൂടെയാണവൾ. കൂടാതെ Advanced Contract Drafting, Negotiation & Dispute Resolution വിഷയങ്ങളിലും RERA നിയമത്തിലും മറ്റും പി.ജി.ഡിപ്ളോമകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ ഇനി കറുത്ത ഗൗൺ അണിയാൻ തീരുമാനിച്ചിരിക്കുന്നു. ആരുടെയും മുന്നിൽ തലകുനിക്കാതെ എല്ലാവരും വന്നു തല കുനിക്കുന്നിടത്തേയ്ക്കുള്ള ചുവടുമാറ്റം. ഏറ്റവും സന്തോഷത്തോടെ സർക്കാർ സർവീസിനോടു വിട പറഞ്ഞ മകൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ, അഭിവാദ്യങ്ങൾ."