09 April, 2025 05:47:28 PM


ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് പിടിയിൽ



ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്‌ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ പിടിയില്‍. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് സുല്‍ത്താനെ പിടികൂടിയത്. എക്‌സൈസ് അന്വേഷണസംഘമാണ് ആന്ധ്രപ്രദേശില്‍ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയാണ് സുല്‍ത്താന്‍.

ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താനാണ്. മലേഷ്യയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ് സുല്‍ത്താന്‍. തമിഴ്‌നാട് സ്വദേശിയായ സുല്‍ത്താന്‍ കേരളത്തില്‍ ഇടപാട് നടത്തിയത് തസ്‌ലീമ വഴിയാണ്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്‌ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956