01 April, 2025 07:24:02 PM
വിദ്യാർഥിനിയുടെ പിതാവിനെ പ്രണയം നടിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടി; അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാർത്ഥിനിയുടെ പിതാവിനെ പ്രണയം നടിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ അധ്യാപിക അറസ്റ്റിൽ. വിദ്യാർത്ഥിയുടെ പിതാവിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ ശ്രീദേവി റുഡഗി (25), മറ്റ് രണ്ട് പേർ - ഗണേഷ് കാലെ (38), സാഗർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോസും വീഡിയോസും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ പിതാവിൽ നിന്നും പണം തട്ടിയത്.
ഭാര്യയും മൂന്ന് പെൺമക്കളുമൊത്ത് താമസിച്ചിരുന്ന ഒരു വ്യാപാരിയാണ് സംഭവത്തിൽ ഇരയാക്കപ്പെട്ടത്. 2023ൽ തന്റെ അഞ്ച് വയസ്സുള്ള മകളെ സ്കൂളിൽ ചേർക്കാനെത്തിയപ്പോഴാണ് ശ്രീദേവി റുഡഗിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് അധ്യാപികയുമായി സന്ദേശങ്ങൾ കൈമാറാനും വീഡിയോ കോളുകളിൽ സംസാരിക്കാനും തുടങ്ങി. ബന്ധം വളർന്നതോടെ ശ്രീദേവി റുഡാഗി അവരെ ഉപയോഗിച്ച് അദ്ദേഹത്തിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു.
തുടർന്ന് ജനുവരിയിൽ അവർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ വ്യാപാരി തന്റെ കുടുംബത്തെ ഗുജറാത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു, അതിന് കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അതിനായി എത്തിയപ്പോൾ, മൂന്ന് പ്രതികൾ അദ്ദേഹത്തെ വളഞ്ഞുവച്ചു, സ്വകാര്യ ഫോട്ടോകളും വീഡിയോകളും കാണിച്ചു. തുടർന്ന് പ്രതികൾ ഇയാളിൽ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് 1.9 ലക്ഷം രൂപ കൈമാറിയെങ്കിലും ആവശ്യങ്ങൾ തുടർന്നു. ശ്രീദേവി റുഡഗി കൂടുതൽ പണത്തിനായി ശല്യപ്പെടുത്തിയപ്പോഴാണ് സംഭവം പൊലീസിൽ അറിയിച്ചത്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.