09 April, 2025 09:05:01 AM


ചെന്നൈ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു



ചെന്നൈ: തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലും ആയിരുന്നു.

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരി വേട്ട. വെസ്റ്റ് ആഫ്രിക്കയാണ് ലഹരിയുടെ ഉറവിടം എന്നാണ് നിഗമനം. സെനഗലില്‍ നിന്ന് എത്തിച്ചു എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. തായ്‌ലന്‍ഡ് വഴിയാണ് ചെന്നൈയിലേക്ക് എത്തിച്ചുവെന്നാണ് യുവതി പറയുന്നത്.

യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ലഗേജ് പരിശോധിക്കുന്ന സമയത്താണ് അതില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 460 ഗ്രാം കൊക്കെയ്ന്‍ പാഴ്‌സലില്‍ നിന്ന് കണ്ടെത്തി. ശേഷം യുവതിയുടെ ശരീരം പരിശോധിക്കുകയും അടിവസ്ത്രത്തില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തി. 

പിന്നീട് രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വ്‌സ്തുക്കള്‍ വിഴുങ്ങിയിട്ടുണ്ട് എന്നുള്ള വിവരം കൂടി മനസിലാക്കുന്നത്. 12 കാപ്‌സ്യൂളുകളാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇത് 150 ഗ്രാമോളം വരും. ആകെ 610 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഇതിന്റെ വില തന്നെ ആറ് കോടിയില്‍ അധികം വരും. ലഗേജുകളില്‍ നിന്നും മറ്റ് രാസലഹരികളും കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K