16 April, 2025 09:13:02 AM
കരുനാഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും 2 പെണ്കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ 2 പെണ്കുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെണ്മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീ കൊളുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭര്‍ത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.