03 April, 2025 11:18:08 AM
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക.
മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴിയുണ്ട്. താരങ്ങളുമായി ലഹരി ഉപയോഗത്തിന് പുറമേ സെക്സ് റാക്കറ്റ് ബന്ധവുമുണ്ടെന്നാണ് മൊഴി.
തസ്ലീമ സുൽത്താനയ്ക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകും. ലഹരി കേസ് കൂടാതെ സെക്സ് റാക്കറ്റുമായി സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറും. രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുൽത്താനയിൽ നിന്ന് എക്സൈസ് പിടികൂടിയത്.
ആലപ്പുഴയിൽ വൻ ലഹരിവേട്ടയാണ് നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടുകയിരുന്നു. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം.
തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ.