04 April, 2025 01:07:10 PM


25-ാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഭർത്താവ് മരിച്ചു



ന്യൂഡല്‍ഹി: 25-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യവേ 50കാരനായ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു. യുപിയിലെ ബറേലിയിലാണ് സംഭവം. വിവാഹവാര്‍ഷികം ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ആഘോഷിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. 

ആഘോഷത്തിനിടെ പ്രിയപ്പെട്ടവന്റെ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ഭാര്യയും സുഹൃത്തുക്കളും.
ഷൂ വ്യാപാരിയായ വസിം സര്‍വത് തന്റെ ഭാര്യ ഫറായുമായി വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നതിനെയായിരുന്നു സംഭവം. 

ആഘോഷങ്ങളിലേക്ക് ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിച്ചിരുന്നു. എല്ലാവരും പങ്കുചേര്‍ന്ന ആഘോഷനിമിഷങ്ങള്‍ക്കിടെ ദമ്പതികളുടെ നൃത്തപരിപാടിയുണ്ടായിരുന്നു. ഇതിനിടയിലാണ് വസിം പൊടുന്നനെ കുഴഞ്ഞുവീണത്. ഓടിയെത്തിയ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ആഘോഷത്തിനു പിന്നാലെ സംഭവിച്ച വസിമിന്റെ അവസാനനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സ്കൂള്‍ അധ്യാപികയാണ് ഫറ. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന വസിമിന്റെ മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലും വേദനയുമാണ് സൃഷ്ടിച്ചത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K