28 March, 2025 12:39:45 PM
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റ് ഉടമയെ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കണമെന്നും രാകേഷ് വിളിച്ചുപറഞ്ഞിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ബെംഗളൂരു വിട്ടിരുന്നു.
കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചപ്പോള്‍ ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം സ്യൂട്ട്‌കേസിലാണെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ കുത്തേറ്റതായും പൊലീസ് പറയുന്നു. അതേസമയം ചെറിയ പ്രശ്‌നത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഗൗരിയെ രണ്ട് മൂന്ന് തവണ കുത്തിയിരുന്നുവെന്ന് രാകേഷ് സമ്മതിച്ചു.
രാകേഷ് ഞെട്ടലിലാണെന്നും ഒന്നും പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഹുലിമാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡൊഡ്ഡകമ്മനഹല്ലിയിലെ അപ്പാര്‍ട്‌മെന്റിലാണ് ഗൗരിയും രാകേഷും താമസിച്ചത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ പ്രൊജക്ട് മാനേജറായിട്ടാണ് രാകേഷ് ജോലി ചെയ്യുന്നത്. ഗൗരിക്ക് ജോലിയില്ല. കഴിഞ്ഞ മാസമാണ് ഇരുവരും നിലവിലെ ഫ്‌ളാറ്റിലേക്ക് താമസം മാറുന്നത്.