29 March, 2025 06:50:20 PM


നവീന്‍ ബാബുവിന്‍റെ മരണം: പി പി ദിവ്യ ഏക പ്രതി, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു



കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ അധിക്ഷേപത്തില്‍ നവീന്‍ബാബു മനംനൊന്താണ് ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയ കുറ്റപത്രം ആദ്യം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജി പരിശോധിച്ച ശേഷം കുറ്റപത്രം കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചു.

ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 79 സാക്ഷികളാണ് കേസിലുള്ളത്. പെട്രോള്‍ പമ്പിന് ഉപേക്ഷിച്ച ടിവി പ്രശാന്തന്‍ കേസില്‍ 43-ാം സാക്ഷിയാണ്. പുലര്‍ച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

24 ഒക്ടോബര്‍ 14നാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ നവീന്‍ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തില്‍ അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K