02 April, 2025 09:11:07 AM


കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകക്കാരന്‍ ബാലു രാജിവെച്ചു



തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

ജാതി വിവേചന വിവാദത്തെത്തുടര്‍ന്ന് അവധിയിലായിരുന്ന ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24 നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിര്‍ത്ത് തന്ത്രിമാര്‍ രംഗത്തു വരികയായിരുന്നു.

വാര്യര്‍ സമുദായാംഗമാണ് ക്ഷേത്രത്തില്‍ കഴക ജോലി ചെയ്തിരുന്നത്. ഇതിനു പകരം ഈഴവ വിഭാഗത്തില്‍പ്പെട്ട ബാലുവിനെ നിയമിച്ചതില്‍ തന്ത്രിമാര്‍ കടുത്ത പ്രതിഷേധം അറിയിച്ചു. തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാലുവിനെ ദേവസ്വം ഭരണസമിതി ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇത് വിവാദമായതോടെ, കൂടല്‍മാണിക്യം ഭരണസമിതി തന്നെ ബാലുവിനെ കഴകക്കാരനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K