17 December, 2024 09:00:25 PM
ആനക്കല്ല് ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം;15 ലക്ഷം അനുവദിച്ച് അദാലത്ത്, നാട്ടുകാർക്ക് ആശ്വാസം
കോട്ടയം: ആനക്കല്ല് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു കാഞ്ഞിരപ്പള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത്. കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിലെ ആനക്കയം ജംഗ്ഷനിൽ ചെളിയും കല്ലും പോളയും കയറി നിറഞ്ഞ ചിറ്റാർപുഴ വൃത്തിയാക്കി ഒഴുക്കു സുഗമമാക്കി വെള്ളക്കെട്ട് പ്രശ്നത്തിനു ശാശ്വതമായ പരിഹാരം ഒരുക്കാനാണ് അദാലത്തിൽ നാട്ടുകാരുടെ പരാതി പരിഗണിച്ച ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ 15 ലക്ഷം രൂപ അനുവദിച്ചത്. തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ചെറുകിടജലസേചന വകുപ്പിനു മന്ത്രി നിർദേശവും നൽകി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകൾ ഉൾപ്പെട്ടതാണ് ആനക്കല്ല് പ്രദേശം. 2018,2019, 2021 വർഷങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ പ്രദേശത്തെ നിരവധി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ഒഴുക്കു തടസപ്പെട്ടതിനാൽ ചെറിയ മഴയിൽ പോലും ചിറ്റാർതോട് നിറഞ്ഞു പ്രദേശം മുഴുവൻ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണെന്നും നൂറ്റൻപതോളം പ്രദേശവാസികൾ ഒപ്പിട്ട് അദാലത്തിൽ നൽകിയ പരാതിയിൽ പറയുന്നു. വില്ലണി ഭാഗം മുതൽ ആനക്കല്ല് വളവുകയം വരെ തോട് മാന്തി മണ്ണുനീക്കി ആഴം കൂട്ടി പരിഹാരം കാണണമെന്നാണ് പരാതിയിലെ ആവശ്യം.
ചിറ്റാർപുഴ ഒഴുകുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 5,6,7 വാർഡുകളിലെ വളവുകയം മുതൽ തോട്ടുമുഖം വരെയുള്ള പ്രദേശത്തും മഴ പെയ്്താൽ വെള്ളക്കെട്ട് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരം കാണണമെന്നും പ്രദേശവാസികളായ 150 പേർ ഒപ്പിട്ട മറ്റൊരു പരാതിയിലും ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ച ജലവിഭവകുപ്പുമന്ത്രി ചിറ്റാർപുഴയിലെ ഒഴുക്കു സുഗമമാക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ചെറുകിടജലസേചന വിഭാഗത്തിനു നിർദേശം നൽകി.