08 August, 2025 07:16:45 PM
കാഞ്ഞിരപ്പള്ളിയില്‍ വീട് കുത്തി തുറന്ന് മോഷണം; കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി അഭിരാജ് എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം വരുന്നതും ഉദ്ദേശം ഒരു ലക്ഷത്തി എൺപതിനായിരം (1,80,000/-) രൂപ വില വരുന്നതുമായ സ്വർണമാല മോഷണം ചെയ്തുകൊണ്ട് പോവുകയായിരുന്നു.
പരാതിക്കാരായ ഭാര്യയും ഭർത്താവും പാറത്തോട് ഇടക്കുന്നം, താമരപ്പടി ഭാഗത്ത് ജെസ്‌വിൻ പുതുമന എന്നയാളുടെ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. 21-07-2025 തീയതി ഭാര്യയുടെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലും ആയിരുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്. ഇതിനെ അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐപിഎസി ന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളുടെ ഫലമായി അടിമാലി ടൗണിൽ ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ ഇന്നേദിവസം (08-08-2025)അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐപി എസ്എച്ച്ഒ ശ്യാംകുമാർ ൻ്റെ നേതൃത്വത്തിൽ എസ്ഐ സുനേഖ്, എസ്‌സിപിഒ വിനീത്, സിപിഒ സുജിത് എം.വി, സിപിഒ ജോസ് ജോസ്, ഡി വി ആർ സിപിഒ വൈശാഖ്, സിപിഒ വിമൽ എന്നിവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ ഉടനീളം വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.