27 October, 2025 06:10:54 PM
കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് സ്റ്റുഡന്‍റ്സ് സഭ

കോട്ടയം: കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചും വികസന സ്വപ്‌നങ്ങളേക്കുറിച്ചും ഗവണ്‍മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജുമായി സംവദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
പാര്‍ലമെന്ററികാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കങ്ങഴ ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ സ്റ്റുഡന്റ്‌സ് സഭയിലാണ് അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തത്.
ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ടൗണ്‍ പ്ലാനിംഗ് വേണമെന്നായിരുന്നു കറുകച്ചാല്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീദത്ത് എസ്. ശര്‍മയുടെ ആവശ്യം. കറുകച്ചാല്‍ കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും കറുകച്ചാല്‍ ബൈപ്പാസിനായി നാലുകോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടിയായിട്ടുണ്ടെന്നും മറുപടിയില്‍ എംഎല്‍എ അറിയിച്ചു.
സ്‌കൂളുകളിലെ കായികാധ്യാപകരുടെ കുറവാണ് ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്‌കൂളിലെ ദേവിക മനു ഉന്നയിച്ചത്. ലോംഗ് ജംപ് പിറ്റ് പോലെയുള്ള കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ലോംഗ് ജംപ് പിറ്റ് നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പുഴകളുടെ സംരക്ഷണത്തിനായി വിദ്യാര്‍ഥികളുടെ സന്നദ്ധസേനയായി സ്റ്റുഡന്‍സ് ആര്‍മി രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഗ്രൗണ്ടുകള്‍ ക്രമീകരിക്കേണ്ടതിന്റെയും കലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെയും അനിവാര്യതയാണ് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എയ്ഞ്ചല്‍ റോസ് അഭിലാഷ് അവതരിപ്പിച്ചത്.
കറുകച്ചാല്‍, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളില്‍ കളിക്കളം നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചെന്നും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടര്‍ഫ് നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കായിക സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതോടൊപ്പം 30 കോടി രൂപ ചെലവഴിച്ച് ഒരു കലാ സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്ററികാര്യ വകുപ്പ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാട്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്‍സ് സഭ സംഘടിപ്പിച്ചത്. പരിപാടി ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അധ്യക്ഷത വഹിച്ചു.
സമാപന ചടങ്ങില്‍ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ. പി. ടോംസണ്‍, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ റോഷണ അലികുഞ്ഞ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ തോമസ് വെട്ടുവേലി, സിറില്‍ തോമസ്, പി.ടി അനൂപ്, ശ്രീജിഷ കിരണ്‍, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാര്‍, ജി.ഐ.ടി ചെയര്‍മാന്‍ ജോജി തോമസ്, ഡയറക്ടര്‍ ഡോ. സതീഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. രമേശ്, പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. യു.സി ബിവീഷ്, അഡീഷണല്‍ സെക്രട്ടറി എം.എസ്. ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.






