17 December, 2024 08:29:59 PM
അദാലത്ത് അനുഗ്രഹമായി; 15 പേർക്ക് മുൻഗണനാ റേഷൻ കാർഡ്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിൽ മുൻഗണനാ റേഷൻ കാർഡ് ലഭിച്ചതു 15 പേർക്ക്. കിടപ്പുരോഗിയായ മുണ്ടക്കയം കുളമാക്കൽ പൊയ്ക പുരയിടത്തിൽ ജാനകി ഒഴികെയുള്ളവർ അദാലത്തിലെത്തി മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നു കാർഡുകൾ ഏറ്റുവാങ്ങി. ജാനകിയുടെ കാർഡ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ബുധനാഴ്ച വീട്ടിലെത്തിച്ചു നൽകും. പതിനഞ്ചിൽ എട്ടെണ്ണം ഏറ്റവും പരിഗണ അർഹിക്കുന്നവർക്ക് നൽകുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ ) കാർഡുകളാണ്. ഏഴെണ്ണം മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കുള്ള പി.എച്ച്.എച്ച്. കാർഡുകളും. മുണ്ടക്കയം മാലിയപറമ്പിൽ സുശീല, പാറത്തോട് കരുകോട്ടയിൽ മറിയാമ്മ,പാറത്തോട് അൽഫോൻസാ നിവാസിൽ എം. ഗുരുവമ്മാൾ, ചിറക്കടവ് മൂലകുന്നേൽ എം.ടി. ലീലാമ്മ, പാറത്തോട് പനമൂട്ടിൽ സൽമത്ത്, കാഞ്ഞിരപ്പള്ളി വടത്തു കരയിൽ ബൾക്കീസ്, കാഞ്ഞിരപ്പള്ളി ചെരിപ്പുറത്ത് സീനത്ത്, മണിമല വാഴയിൽ സോഫി ഏബ്രഹാം, കാഞ്ഞിരപ്പള്ളി മൂലയിൽ ഷീന തോമസ്, കോരുത്തോട് കളപ്പുരയ്ക്കൽ, സ്വപ്ന മാത്യു, പാറത്തോട് പുത്തൻപറമ്പിൽ ശാരി, ചിറക്കടവ് പുതുപ്പള്ളിൽ കെ.എസ്. ലത എന്നിവർക്കാണ് മുൻഗണനാ റേഷൻ കാർഡ് ലഭിച്ചത്.
ബിന്ദുവിന് ഏഴുദിവസത്തിനകം
മുൻഗണന റേഷൻ കാർഡ്
കോട്ടയം: അർബുദബാധിതയായി കോട്ടയം മെഡിക്കൽ കോളജിൽ തുടർചികിത്സയിൽ കഴിയുന്ന ചെറുവള്ളി പെരുന്തോലിയ്ക്കൽ ബിന്ദു ഗോപാലകൃഷ്ണൻ നായർക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ ഉത്തരവിട്ടു. ഏഴുദിവസത്തിനകം നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.
ശ്രീലക്ഷ്മി റേഷൻ കാർഡ് ഏറ്റുവാങ്ങി;
അമ്മയ്ക്കു വേണ്ടി
കോട്ടയം: അമ്മ പ്രിയയുടെ പേരിലുള്ള കാർഡ് ഏറ്റുവാങ്ങുമ്പോൾ നാലാം ക്ലാസുകാരി ശ്രീലക്ഷ്മിയുടെ മനസിൽ ഒരു കൊച്ചു വീടെന്ന സ്വപ്നം പ്രതീക്ഷയായി വിടർന്നു. അന്ത്യോദയ അന്നയോജന കാർഡ് ലഭിച്ചതോടെ കുടുംബത്തിന് ഇനി ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിക്കാം. ഒരു വർഷം മുൻപ് ഭർത്താവ് മനോജ് മരിച്ചതോടെ ചിറക്കടവ് കറുകപ്പിള്ളിൽ കെ.ബി. പ്രിയയുടെ ജീവിതം പ്രയാസത്തിലായി. ഹൃദ്രോഗിയായ പ്രിയയ്ക്ക് ജോലിക്കു പോകാനാകുന്നില്ല. മുത്തച്ഛൻ ബാലകൃഷ്ണപിള്ളയുടെ സഹായത്തോടെയാണിപ്പോൾ ചികിത്സയും ഏകമകളുടെ പഠനവും.
ലൈഫ് പദ്ധതിയിൽ വീടിനായി ശ്രമിച്ചെങ്കിലും റേഷൻ കാർഡ് ഇല്ലാത്തതു തടസമായി. കരുതലും കൈത്താങ്ങും അദാലത്തിലൂടെ എ.എ.വൈ. കാർഡ് ലഭിച്ചതോടെ ചികിത്സയ്ക്കും സഹായകമാകുമെന്ന ആശ്വാസത്തിലാണ് പ്രിയയും മകളും.






