24 August, 2024 08:43:00 PM


യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

 


കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്ത് തടത്തിൽ വീട്ടിൽ അനന്തു ബിനു  (22), പുതുപ്പള്ളി പട്ടാക്കളം വീട്ടിൽ അഖിൽ കുമാർ (27) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും, ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.


യുവാവ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന സ്ഥലത്ത് വച്ച് അനന്തു ബിനുവും സംഘവും  ബഹളം ഉണ്ടാക്കിയത് യുവാവും സുഹൃത്തും ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ സംഘം ചേർന്ന്  യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും യുവാവിന്റെ സഹോദരനെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.


പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, ശ്രീനിവാസ്, സി.പി.ഓ മാരായ സജയൻ, ജോജി മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K