06 August, 2024 04:21:38 PM


നാടക നടി വിജയലക്ഷ്മി അന്തരിച്ചു



മലപ്പുറം: നാടക നടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. 1980-ലെ നാടക സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. കോഴിക്കോട് മ്യൂസിക്കല്‍ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സ്, മലബാര്‍ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

1973-ല്‍ എംടിയുടെ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ നിലമ്പൂര്‍ ബാലനോടൊപ്പം 'ശ്രീ മഹാദേവന്‍ തന്റെ ശ്രീ പുള്ളോര്‍ കുടം' എന്ന ഗാനരംഗത്ത് അഭിനയിച്ചു കൊണ്ടാണ് നാടക ലോകത്ത് നിന്നും വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ബന്ധനം, സൂര്യകാന്തി, ഹര്‍ഷ ബാഷ്പം, അന്യരുടെ ഭൂമി, തീര്‍ത്ഥാടനം, ഒരേ തൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മക്കള്‍: വിജയകുമാര്‍, ആശാലത, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K