01 August, 2024 09:19:53 AM
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്‌ക്‌വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തണവ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബി.സി.സി.ഐയോട് സഹായം തേടിയതോടെയാണ് വീണ്ടും അൻഷുമാൻ ഗെയ്‌ക്‌വാദ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.
ലണ്ടനിലെ ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്‌ക്‌വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന. തുടർന്ന് ബി.സി.സി.ഐ ഗെയ്‌ക്‌വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നൽകുകയും ചെയ്തിരുന്നു.